ആലപ്പുഴ: ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന സെൻസസ് 2027ന്റെ ഭാഗമായി ഫീൽഡ് ട്രെയിനർമാരുടെ ജില്ലാതല പരിശീലനം 18ന് ആരംഭിക്കും. ജില്ലാതല പരിശീലനം പൂർത്തിയാക്കിയ ഫീൽഡ് ട്രെയിനർമാരുടെ നേതൃത്വത്തിൽ എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും തുടർന്ന് പരിശീലനം നൽകും.
ജില്ലയിൽ സെൻസസുമായി ബന്ധപ്പെട്ട മാപ്പിംഗ് നടപടികൾ പുരോഗമിക്കുകയാണ്. വീടുകൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ സ്ഥാനം ജിയോ-ടാഗ് ചെയ്ത് ഡിജിറ്റൽ മാപ്പിൽ അടയാളപ്പെടുത്തുന്ന സംവിധാനമാണിത്. നഗരസഭകളിൽ മുൻസിപ്പൽ സെക്രട്ടറിയും ഗ്രാമപ്രദേശങ്ങളിൽ തഹസിൽദാറുമാണ് ചാർജ് ഓഫീസർ. ആലപ്പുഴ നഗരസഭയിൽ മാപ്പിംഗ് പൂർത്തിയാക്കിയ ശേഷമുള്ള ഫീൽഡ് വെരിഫിക്കേഷൻ നടപടികൾ പുരോഗമിക്കുകയാണ്.
2011നുശേഷമുള്ള രാജ്യത്തെ സെൻസസ് സമഗ്രമായി രണ്ടു ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം ജൂലൈ ഒന്നുമുതൽ 30 വരെ നടക്കും. ഷം ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യ കണക്കെടുപ്പ് നടത്തും. ആദ്യമായി ഡിജിറ്റൽ ഡാറ്റാ ശേഖരണ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുവെന്ന പ്രത്യേകതയും 2027 സെൻസസിനുണ്ട്.
ജനങ്ങളുടെ ഉന്നമനത്തിന് ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള അടിസ്ഥാന രേഖയായി സെൻസസിനെ പരിഗണിക്കും. 2027 സെൻസസിൽ ആദ്യമായി അവതരിപ്പിക്കുന്ന സെൽഫ് എന്യുമറേഷൻ രീതി ജൂൺ 16ന് ആരംഭിക്കും. ജൂൺ 30 വരെയാണ് സെൽഫ് എന്യുമറേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ പൗരന്മാർക്ക് https://se.census.gov.in എന്ന പോര്‍ട്ടല്‍ വഴി സ്വന്തം വിവരങ്ങൾ സുരക്ഷിതമായി നൽകാൻ സാധിക്കും.